Friday, 31 March 2017

'''അനന്തപുരിയിലെ യക്ഷി'''



'''നീയൊന്ന് വേഗം ഇറങ്ങെന്‍റെ ഗുപ്താ...!!ഇരുട്ടും മുന്‍പേ അനന്തപുരിയിലെത്തണം... അറിയാലോ നിനക്ക് നേരം ഇരുട്ടിയാല്‍ പിന്നെ ആ വഴിക്കുള്ള യാത്ര ബുദ്ധിമുട്ടാണ്... അവള്‍ ആ ഗൗരിയെന്ന യക്ഷി നിന്നെ മറുകര കടത്തില്ല..'''
കോലായില്‍ നിന്നുള്ള രഘു അമ്മാവന്‍റെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടാണ് ഗുപ്തന്‍ ഉമ്മറത്തേക്ക് വരുന്നത്....
'''എന്‍റമ്മാവാ... ഈ നൂറ്റാണ്ടിലും യക്ഷിക്കഥയും പറഞ്ഞിരിക്കാതെ അമ്മാവനാ മുറുക്കാന്‍ ചെല്ലം തുറന്നൊന്ന്നാലും കൂട്ടി മുറുക്കിക്കേ.... ഞാനിപ്പാ വേഷം മാറിയിങ്ങെത്തിയേക്കാം'''

'''പ്ഫാാ..അസത്തേ ...!! നിനക്ക് തമാശകളി... ഉം..നേരം കളയാണ്ട് വേഗം ഒരുങ്ങിയിറങ്ങാന്‍ നോക്കടാ...'' എന്ന് പറയുമ്പോള്‍ അമ്മാവന്‍റെകൈയ്യിലെ സുന്ദരി വെറ്റില മുഖത്ത് ചുണ്ണാമ്പുചായം തേച്ച് അണിഞ്ഞൊരുകുകയായിരുന്നു...
യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഗുപ്തന്‍ വീണ്ടും ഉമ്മറത്തെത്തിയതും
അമ്മാവന്‍ മുഖത്തല്‍പ്പം ഗൗരവം വരുത്തി അവനെ അടിമുടിയൊന്ന് നോക്കി
'''ഉം... വേഗം ഇറങ്ങ് ഇരുട്ടും മുന്നേ അങ്ങെത്തണം... ഞാനാ രാമന്‍ നായരുടെ ചായക്കട വരെ കൂടെ വരാം... അവിടെ ശങ്കരനുണ്ടാവും... ശങ്കരന്‍റെ വണ്ടിയിലങ്ങ് പോവാം നെനക്ക്.... '''

''ആ..അങ്ങിനയെങ്കി അങ്ങിനെ....എന്നാ ഇറങ്ങാം അമ്മാവാ....'''
ഇരുട്ടണേന് മുന്നേഅങ്ങെത്തേണ്ടതല്ലേ...?
അമ്മാവനിട്ടൊന്ന് ഗുപ്തന്‍ താങ്ങിയതാണെന്ന് മനസ്സിലായത് കൊണ്ടാവാം അമ്മാവന്‍ ഒന്നിരുത്തിമൂളിയിട്ട് വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി തന്‍റെ കാലന്‍കുടയെടുത്ത് മുറ്റത്തേക്കിറങ്ങി.... പിന്നാലെ ഗുപ്തനും തന്‍റെ ബാഗുമായ് ഇറങ്ങി.....

രാമന്‍ നായരുടെ കടയെത്തിയതും '''കടുപ്പത്തിലൊരു ചായയിങ്ങെടുത്തേ രാമന്‍നായരേ''' എന്നും പറഞ്ഞുകൊണ്ട് രഘുഅമ്മാവന്‍ ചായക്കടയിലെ ബെഞ്ചിലേക്കിരുന്നു... ഗുപ്തന്‍ ചായക്കടയുടെ മുന്‍പില്‍ നിലയുറപ്പിച്ചു....
ചായയുമായ് വന്ന രാമന്‍നായര് അമ്മാവനെയും മരുമകനെയും ഒന്ന് നോക്കിയിട്ട് രഘുവിനോട് ചോദിച്ചു
'''അല്ലാ എങ്ങോട്ടാ അമ്മാവനും മരുമകനും കൂടെ?'''

''''ഓ.. ഈ ചെക്കന് അനന്തപുരിയിലെ ഉസ്ക്കൂളില് മാഷായിട്ട് ഒരു ജോലി തരപ്പെട്ടു... അവനങ്ങോട്ട് പോകുന്ന വഴിയാ... എനിക്കിപ്പൊ അവിടെ വരെ യാത്ര ചെയ്യാന്‍ വയ്യ രാമന്‍ നായരേ''' എന്ന് പറഞ്ഞ് രഘുമാമന്‍ ചായയൊന്ന് ഊതി ഒരു കവിള്‍കുടിച്ചു....

'''ഹിഹി... അല്ലാതെ തെക്കേദേശത്തെ ഗൗരിയെ പേടിച്ചിട്ടല്ല നിങ്ങള് കൂടെ പോകാത്തത് അല്ലേ രഘുവേ'''
രാമന്‍ നായരുടെ അസ്ത്ഥാനത്തുള്ള തമാശ അമ്മാവന് നല്ലപോലെ കൊണ്ടു എന്ന് കണ്ട ഗുപ്തന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയ്...
മുഖത്ത് വന്ന  ചമ്മല്‍ കഷ്ടപ്പെട്ട് മറച്ച് അമ്മാവന്‍ മുഖത്ത് വീണ്ടും ഗൗരവം വരുത്തി ഗുപ്തനെയും രാമന്‍നായരെയും ഒന്ന് പാളിനോക്കി...
ആ നോട്ടത്തില്‍ രണ്ടുപേരും തമിഴ്നാടും കേരളവും പോലെ രണ്ട് ദിക്കിലേക്ക് തലതിരിച്ചു...
 അപ്പോഴേക്കും ശങ്കരന്‍ തന്‍റെ കാളക്കുട്ടന്മാരെയും തെളിച്ചുകൊണ്ട് കടയുടെ മുന്നിലേക്കെത്തി...
ശങ്കരനെ കണ്ടതും രാമന്‍ നായര് ഒരു കള്ളച്ചിരിയോടെ ഉച്ചത്തില്‍ '''ചായയെടുക്കട്ടെ ശങ്കരോ''' എന്ന് ചോദിച്ചു....
തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് വിയര്‍പ്പ് തുടച്ചുകൊണ്ട് ശങ്കരന്‍റെ മറുപടി
'''ഓ.. വേണ്ട രാമന്‍ നായരേ ഇപ്പൊ ചായകുടിച്ചാ വയറ്റീ കിടക്കണ പരമുവാശാന്‍റെ കള്ള് പ്രകോപിതനാവും... നമ്മളായിട്ടെന്തിനാ ഒരു സംഘര്‍ഷത്തിന് ഇടവരുത്തുന്നേ... അവനവിടെ സ്വസ്ത്ഥമായ് കിടക്കട്ടേന്നേ''
ഒരു നിമിഷം കടയിലാകെ പൊട്ടിച്ചിരികള്‍ നിറഞ്ഞു നിന്നു....

ശങ്കരങ്ങിനെയാണ് പള്ള നിറയേകള്ളും മനസ്സുനിറയെസ്നേഹവും നേരത്തിനൊത്ത തമാശയും പിന്നെ ആരെയും പിടിച്ചുനിര്‍ത്തുവാന്‍ കഴിവുള്ള നാടന്‍ പാട്ടുകളും... ചുരുക്കിപ്പറഞ്ഞാല്‍ നാട്ടുകാരുടെ പ്രിയപ്പെട്ട കുടിയന്‍...

ചിരികളടങ്ങിയശേഷം രഘു ശങ്കരനെഅടുത്ത് വിളിച്ച് കാര്യമറിയിച്ചു..
'''ശങ്കരോ ഒന്ന് അനന്തപുരി വരെ പോകണം ഗുപ്തന് അവിടെയൊരു ജോലി  തരപ്പെട്ടിട്ടുണ്ട്... നീയവനെയൊന്നത്ത്രെടം വരെ കൊണ്ടുവിട്'''

'''അതിനിപ്പൊ ന്താ രഘുഅങ്ങുന്നേപ്രശ്നം... ശങ്കരന്‍റെ കാളക്കുട്ടന്മാര് എന്തിനും തയ്യാറാണെന്നേ... അവന്മാര് വണ്ടിവലിക്കാന്‍ തയ്യാറാണെങ്കി ശങ്കരന്‍ വഴിതെളിക്കാനും തയ്യാര്‍ '''

'''ആ.. എന്നാപിന്നെ വൈകണ്ട ഇപ്പൊത്തന്നെ പുറപ്പെട്ടോളൂ... ഗുപ്താ സാധനങ്ങളൊക്കെ വണ്ടിയിലേക്കെടുത്ത് വെച്ചോ സമയം കളയണ്ട....
പിന്നെ വഴിയിലെങ്ങുംതങ്ങാന്‍ നില്‍ക്കണ്ട...അറിയാലോ കാര്യങ്ങള് ''' അമ്മാവന്‍റെ ഗൗരവത്തിനൊരു കുറവും വന്നിട്ടില്ല...

'''ശെരിയമ്മാവാ  പുറപ്പെടുവാ... ശങ്കരേട്ടോ പോയേക്കാം '''

''കയറിയിരി ഗുപ്തന്‍ കുഞ്ഞേ... ശങ്കരേട്ടനും കാളക്കുട്ടന്മാരും തയ്യാര്‍.''

ഗുപ്തനെയും ശങ്കരനെയും വലിച്ചു കൊണ്ട് കാളക്കുട്ടന്മാര്‍ നീങ്ങാന്‍ തുടങ്ങിയതും നോക്കി അമ്മാവന്‍ കുറച്ച് നേരം നിന്നു....

''' ഭഗവതീ... ന്‍റുണ്ണിക്കൊരാപത്തും വരുത്തല്ലേ'''എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് രഘുമാമന്‍ തിരിഞ്ഞ് നടന്നു.....

ഗ്രാമീണ ഭംഗിയാസ്വദിച്ചിരിക്കേ ഗുപ്തനെപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു....

''' മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ
മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ....''''

ശങ്കരന്‍റെ പാട്ടുകേട്ടാണ് ഗുപ്തന്‍  ഉറക്കമുണരുന്നത്....

ഭഗവാനേ നേരമൊരുപാട് ഇരുട്ടിയല്ലോ ശങ്കരേട്ടാ.. ഇനിയെത്ര ദൂരമുണ്ട് അങ്ങോട്ട്.

ദൂരമിനിയുമുണ്ട് ഗുപ്തന്‍ കുഞ്ഞേ ഒരുപാട്... വെളുക്കും മുന്‍പേ ശങ്കരേട്ടന്‍ കുഞ്ഞിനെയങ്ങെത്തിച്ചേക്കാം....

ഇപ്പൊ കുഞ്ഞ് ശങ്കരേട്ടന്‍റെ ഈ പാട്ടങ്ങ് ഏറ്റുപാടിക്കേ....

''' മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ
മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ....''''

ശങ്കരേട്ടന്‍റെ പാട്ടില്‍ കൗതുകം തോന്നിയ ഗുപ്തനും അതങ്ങിനെ ശങ്കരേട്ടനൊപ്പം പാടിക്കൊണ്ടിരുന്നു...

വണ്ടിക്കടിയിലെ റാന്തലിന്‍റെ വെളിച്ചത്തില്‍ കാളക്കുട്ടന്മാരങ്ങിനെ ഒരേ താളത്തില്‍ വയലും കാടും താണ്ടി വണ്ടിവലിച്ചുകൊണ്ടിരിക്കുകയാണ്...

ശങ്കരേട്ടന്‍റെ പാട്ടങ്ങിനെ പാതിരാക്കാറ്റിലലിഞ്ഞൊഴുകി  നടക്കവേ യാദൃശ്ചികമായാണ് റാന്തല്‍ വെളിച്ചത്തില്‍ വഴിയരികിലെ നാഗക്കാവിനു പിന്നിലെ ആല്‍മരച്ചോട്ടിലൊരു നിഴല്‍ തെന്നിനീങ്ങുന്നത് അയാള്‍ കാണുന്നത്...

ശങ്കരേട്ടന്‍റെ പാട്ട് നിന്നതും ഗുപ്തന്‍ കാര്യമന്വേഷിച്ചു.....

''''ഓ.. ഒന്നുമില്ല ഗുപ്തന്‍ കുഞ്ഞേ അവിടെ ആ ആലിന്‍റെ ചുവട്ടിലൊരുനിഴല്‍ നീങ്ങുന്നത് കണ്ടോ...?'''

'''ശെരിയാണല്ലോ ശങ്കരേട്ടാ വല്ല കള്ളന്മാരും ആവും'''

ഏയ് ഇതതൊന്നുമല്ല കുഞ്ഞേ വേറെന്തോ ആണ്... കുഞ്ഞിവിടെ ഇരിക്ക് ശങ്കരേട്ടന്‍ പോയൊന്ന് നോക്കിവരാം....

അത് വേണോ ശങ്കരേട്ടാ നേരമിത്രയും ആയില്ലേ...?

ഏയ് പേടിക്കാനൊന്നുമില്ല കുഞ്ഞേ കുഞ്ഞിവിടെ ഇരി.. ശങ്കരേട്ടന്‍ ഇപ്പൊ വരാമെന്നേ....

വണ്ടിയിലിരുന്നൊരു ബീഢിക്ക് തീ കൊടുത്തിട്ട് ശങ്കരേട്ടന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി....

ശങ്കരേട്ടന്‍റെ കാലുകള്‍ ഭൂമി തൊട്ടതും കാറ്റി്ന് വേഗത കൂടി.....
നാഗക്കാവിന് പിന്നില്‍ നിന്നും ഏതോ മൃഗങ്ങളുടെ ഓളിയിടല്‍ വളരെ ഉച്ചത്തില്‍ മുഴങ്ങി....
'''ഹൊ... നശിച്ചകാറ്റ് വീശാന്‍ കണ്ട നേരം... കുഞ്ഞേ ശങ്കരേട്ടനിപ്പൊ വരാം''എന്നും പറഞ്ഞുകൊണ്ട് ശങ്കരേട്ടന്‍ ബീഢിപ്പുകയെടുത്ത് മാനത്തേക്കൊന്ന് നോക്കി പുകയൂതി വിട്ട് മുന്‍പിലേക്ക് നടന്നു.....

'''ശങ്കരേട്ടാ ശ്രദ്ധിക്കണേ അതേതോ വന്യമൃഗമാണെന്ന് തോന്നുന്നു'''

ശെരി കുഞ്ഞേ... മ്മടെ ഭഗവതി കൂടെയുള്ളപ്പൊ ശങ്കരേട്ടനെന്തിനാ കുഞ്ഞേ പേടി...

ശങ്കരേട്ടന്‍ പോയ് അല്‍പ്പനേരം കഴിഞ്ഞും ശങ്കരേട്ടനെ കാണാതായപ്പോള്‍ ഗുപ്തന്‍ തെല്ലുഭയത്തോടെ പുറത്തിറങ്ങി....

പ്രകൃതി ശാന്തമായിരിക്കുന്നു...
ഗുപ്തന്‍ ചുറ്റുപാടും വീക്ഷിച്ചു... ഇല്ല ശങ്കരേട്ടനെ കാണാനില്ല... ശങ്കരേട്ടനിതെവിടെ പോയി..
ശങ്കരേട്ടാാാാ..... ശങ്കരേട്ടോോയ്.... ശങ്കരേട്ടൊ...!!!
ഇയാളിതെവിടെ പോയെന്‍റെ ഭഗവതിയേ...
ശങ്കരേട്ടോ... ശങ്കരോ...ശങ്കരേട്ടോ...

പെട്ടെന്നാണ് വണ്ടിയുടെ പിന്നില്‍ നിന്നും ഗുപ്തനാ പാദസ്വരശബ്ദം കേള്‍ക്കുന്നത്....

'''ങേ.... ശങ്കരേട്ടന്‍ കൊലുസിട്ടോ... ശങ്കരേട്ടോ പൂൂയ്...'''
വണ്ടിയുടെ പിന്നിലെത്തിയ ഗുപ്തന്‍ ആ കാഴ്ച്ച കണ്ട്  പൂരപ്പറമ്പിലെ തിടമ്പേറ്റിയ ആനയെ ആദ്യമായ് കാണുന്ന കുട്ടിയെപ്പോലെ കണ്ണുമിഴിച്ച് നിന്ന്പോയി....
 വണ്ടിക്ക് പിന്നിലൊരു അതിസുന്ദരി....
കണ്ണെഴുതി പൊട്ടുതൊട്ട് മുറുക്കിച്ചുവന്ന ചുണ്ടുകളുമായ് തലനിറയെ ചെമ്പകപ്പൂ ചൂടി ചുവന്ന പട്ടുസാരിയുടുത്ത സുന്ദരിപ്പെണ്ണ്...

'''ആരാണ് കുട്ടീ നീ..?? ഈ നേരത്ത് ഇവിടെ എങ്ങിനെ എത്തി നീ...?''
നാഗക്കാവിന് ചുറ്റുമുള്ള മരങ്ങളെ കാറ്റ് ശക്തമായ് പിടിച്ചുലക്കാന്‍ തുടങ്ങിയിരിക്കുന്നു....
അവളുടെ തലയില്‍ ചൂടിയ ചെമ്പകഗന്ധം നാഗക്കാവിലാകെ പരന്ന് തുടങ്ങിയിരിക്കുന്നു...
ഗുപ്തന്‍റെ ശബ്ദം ഇടറാന്‍ തുടങ്ങി....
ധൈര്യം സംഭരിച്ച് അവന്‍ വീണ്ടും ചോദിച്ചു...
കുട്ടി...കുട്ടിയേതാണ്... ഈ പതിരാത്രി എങ്ങോട്ടാണ് തനിച്ച് പോകുന്നത്..?
'''എന്‍റെ വീടിവിടെ അടുത്താണ്... ഞാനീ നാഗക്കാവില്‍ തിരിതെളിയിക്കാന്‍ വന്നതാണ്'''''
 മറുപടി കേട്ട ഗുപ്തന്‍ നാഗക്കാവിലെക്ക് നോക്കി....
പകുതിയോളം പൊളിഞ്ഞ നാഗക്കാവ്...ചുറ്റിലും കാടുപിടിച്ചിരിക്കുന്നു..വര്‍ഷങ്ങളായ് പൂജമുടങ്ങിക്കിടക്കുന്ന നാഗക്കാവിലാര് തിരിതെളിയിക്കാന്‍....

ഗുപ്തന്‍റെ സംശയങ്ങളേറി വന്നു....
ഗുപതനെന്തോ ചോദിക്കാന്‍ തുടങ്ങുമ്പോഴെക്കും അവന്‍റെ ശരീരം തണുത്ത്‌വിറക്കാന്‍ തുടങ്ങിയിരുന്നു...
തനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഗുപ്തന്‍ മനസ്സിലാക്കി വരുമ്പോഴേക്കും തന്‍റെ കൈയ്യിലെന്തോ ശക്തിയായ് പിടിച്ചുവലിക്കുന്നതായ് അവന് അനുഭവപ്പെട്ടു...
തിരിഞ്ഞു നോക്കിയ ഗുപ്തന്‍ ഞെട്ടി....
അല്‍പ്പ നേരം മുന്‍പ് വണ്ടിയുടെ പിന്നില്‍ കണ്ട സുന്ദരി ഇപ്പോള്‍ തന്‍റെ പിന്നില്‍ ... അവള്‍ക്ക് ചുറ്റും എന്തോ വല്ലാത്തൊരു പ്രകാശം വലം വെയ്ക്കുന്നു...
അവളുടെ മുഖത്തിന്‍റെ ശോഭ കൂടിവരുന്നു....

'''ന്‍റെഭഗവതീ ഞാനെന്താ ഈ കാണണേ...  ഇതെല്ലാം വെറും സ്വപ്നങ്ങളായിരിക്കണേ...''''

അവളുടെ കണ്ണുകളില്‍ ചുവപ്പ് നിറം പടരാന്‍ തുടങ്ങിയിരിക്കുന്നു ....
അവളുടെ അട്ടഹാസം ആ പ്രദേശത്തെങ്ങും അലയടിച്ചുകൊണ്ടിരുന്നു....
വിളറിവെളുത്ത മുഖവും നിറകണ്ണുകളുമായ് നിസ്സഹായനായ് നില്‍ക്കുന്ന ഗുപ്തനരികിലേക്ക് അവള്‍ നടന്നടുത്തു.....
ഗുപ്തന്‍റെ കണ്ണുകളപ്പോഴും ശങ്കരേട്ടനെ തേടുകയായിരുന്നു.....
 പൊടുന്നനെ ഗുപ്തന്‍ ആ കാഴ്ച്ച കണ്ടു... നാഗക്കാവിലെ ആല്‍മരച്ചില്ലയില്‍ മരിച്ചുകിടക്കുന്ന ശങ്കരേട്ടന്‍....
ശങ്കരേട്ടന്‍റെ ശരീരമാകെ രക്തക്കറകള്‍.... കഴുത്തില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്നു...
കണ്ണുകളടച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഗുപതന്‍ ഞൊടിയിടക്കുള്ളില്‍ ഗൗരിയുടെ കരവലയത്തിനുള്ളിലായ്....
ഗുപ്തന്‍റെ കരച്ചില്‍ അവിടെയാകെ അലയടിച്ചുകൊണ്ടിരുന്നു....
അവള്‍അട്ടഹസിച്ചുകൊണ്ട് ഗുപ്തന്‍റെ കഴുത്തിലേക്ക് അവളുടെ മൂര്‍ച്ഛയേറിയ ദംഷ്ട്രകള്‍ ഇറക്കി.... പതിയെ പതിയെ ഗുപ്തന്‍റെ ശബ്ദം കുറയാന്‍ തുടങ്ങി....
ചൂണ്ടയിലകപ്പെട്ട മീനിനെപ്പോലെ അവന്‍ അവളുടെ കൈകള്‍ക്കുള്ളില്‍ പിടയാന്‍ തുടങ്ങി.... അവസാനം ഒരു ഞെരുക്കത്തോടെ അവന്‍ അവളുടെ കൈകളില്‍ നി്ന്നും വഴുതി നിലത്ത് വീണു....

അപ്പോഴും  ശങ്കരേട്ടന്‍റെ പാട്ട് ചോരയുടെ മണമുള്ള കാറ്റില്‍ അവിടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു....

 ''''''''മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ
മാനം കറുത്തേ കാറ്റു വീശിയേ സൂരിയനവന്‍ മാമലതന്‍ മാറില്‍ പതുങ്ങിയെ
ചന്ദ്രികയവള്‍ മാനത്തായുദിച്ചേ മിന്നും താരകങ്ങളവള്‍ക്കായ് കൂട്ടുവന്നേ....'''''''''
 
തീരാത്ത  രക്തദാഹവും ആരോടൊക്കെയോ ഉള്ള പകയുമായ് അവള്‍ ഗൗരി
    '''അനന്തപുരിയിലെ യക്ഷി'''' ഇപ്പോഴും ആ നാഗക്കാവിലലഞ്ഞ് നടക്കുന്നു...

No comments:

Post a Comment