Saturday, 1 April 2017

ഭ്രാന്തന്‍ ചിന്തകള്‍ ...!!!

എന്നോ മരവിച്ച മനസ്സിന്‍റെ ഉള്‍ക്കോണിലെവിടെയോ ഇന്നും ഒരുമുഖം തെളിയാറുണ്ട്.....
ഒരു ചെറുനോവായ്....!!!
ഒരു കണ്ണുനീര്‍തുള്ളിയായ്...!!!!
ഓര്‍മ്മകളായിരം മണ്‍ചെരാതിന്‍ കരിന്തിരിനാളങ്ങളായെന്‍ മനതാരിലെങ്ങുംഎരിയവേ പഞ്ചരംവിട്ടങ്ങു ദൂരേ പറന്നുയരാനെന്‍ പ്രാണന്‍ തുടിക്കുന്നു...
മനംകുളിരും പുലര്‍കാലവേളകളില്‍ കണ്ടൊരാ വ്യര്‍ത്ഥസ്വപനങ്ങള്‍തന്‍ ഭാരവും പേറി ഞാനൊരു പാഴ്കരിയിലയായൊഴുകുന്നു ഇന്നുമാ വേനല്‍പ്പുഴയിലെയോളങ്ങളിലൂടെ....
കരള്‍പിടഞ്ഞൊരാ വേളയിലെന്‍ കണ്‍പീലിനനഞ്ഞതെന്നുയിരിറ്റുവീണൊരാ ചുടുരക്തത്തുള്ളിയാല്‍...
ഏകനായലഞ്ഞ നാളുകളിത്രയുമെന്‍ കണ്‍നനച്ചതുമാ ചുടു രക്തത്തുള്ളികള്‍....
മനംപിടഞ്ഞ് കണ്‍നിറഞ്ഞെത്രയോ രാവുകള്‍...
കരള്‍ തുടിച്ച് അകമുരികിയെത്രയോ പകലുകള്‍....
അലയുന്ന കാല്‍കളും നിറയുന്ന മിഴികളും വിതുമ്പുമെന്‍ അധരങ്ങളും തേടുന്നതിന്നുമാ മുഖം മാത്രം...

യക്ഷിയെ പ്രണയിച്ചവന്‍



അങ്ങ് ദൂരെയുള്ളൊരാ കുന്നിന്‍ ചെരുവിലൊരുനാള്‍ പോകണം...
ആരോരും പോകാത്തൊരാ യക്ഷിക്കാവിലെ പാലമരത്തിന്‍ ചോട്ടില്‍ അവള്‍ക്കായ് കാത്തിരിക്കണം...
രാത്രിയുടെ മൂന്നാംയാമത്തില്‍ പാലപ്പൂ പൂക്കുന്ന സുഗന്ധം അനുഭവിച്ചുറങ്ങുന്നതിനിടയില്‍ അവളുടെ കൊലുസ്സിന്‍റെ കൊഞ്ചല്‍ കേട്ടുറക്കമുണരണം...
പാലമരത്തിലുറങ്ങുന്ന യക്ഷിയെ കാണാന്‍ സഞ്ചരിച്ചൊരാ കഥയവളോട് പറയണം....
ഭൂലോകരുറങ്ങും വേളയില്‍ യക്ഷിയെ കണ്ട് അവളുടെ സൗന്ദര്യത്തില്‍ മതിമറന്നു നിന്നൊരുവന്‍റെ കഥ പറയണം....
കാറ്റിനോടും മഴയോടും കിളികളോടും പുഴകളോടുമൊത്ത് കളിച്ചു രസിച്ചൊരാ ഗസല്‍ മൂളണം അവളുടെ കാതില്‍...
ഏകനായലഞ്ഞ നാളുകളില്‍ പിന്നിട്ടവഴികളിലെവിടെയോ കണ്ടൊരാ മഞ്ഞമന്ദാരത്തിന്നോര്‍മ്മകള്‍ അവളോട് പങ്കുവെക്കണം.....
അങ്ങിനെയങ്ങിനെയങ്ങിനെ ഒത്തിരിയൊത്തിരിയൊത്തിരി കഥകള്‍ പറഞ്ഞ്ഒരുപാടൊരുപാടൊരുപാട് സ്വപ്നങ്ങളവളോട് പങ്ക് വെച്ച് അവളുടെ മടിയില്‍ വീണുമയങ്ങണം.....
മധുരിക്കും സുന്ദരസ്വപ്നങ്ങള്‍ കണ്ട് മയങ്ങവേ അവളുടെ മൂര്‍ച്ഛയേറിയ ദംഷ്ട്രകള്‍ക്കിടയില്‍ പിടഞ്ഞ് പിടഞ്ഞ് മരണത്തിന് കീഴടങ്ങി അവളോടൊപ്പം ആ പാലമരത്തിന്‍ ചില്ലകളിലേക്ക് ചേക്കേറണം....

ഏകാന്തപഥികന്‍

പണ്ട് മുത്തശ്ശി പറഞ്ഞ് കേട്ട കഥകളിലെ നീലക്കണ്ണുകളുള്ള
കാറ്റിന്നൊഴിക്കിനൊത്ത് അലക്ഷ്യമായ് പാറിനടക്കുന്ന സ്വര്‍ണ്ണനിറമുള്ള
മുടിയിഴകളുള്ള രാജകുമാരനാവണം ഒരിക്കലെനിക്ക്...
വെറുമൊരു രാജകുമാരനല്ല...!!!!
 കാലത്തിന്‍ സ്പന്ദനങ്ങളെ മുന്‍കൂട്ടിയറിഞ്ഞ് കാലത്തെ പിന്നിലാക്കി
ഒരു കാറ്റായ് മാറി ആകാശമാറിലൂടെയലയാന്‍ കഴിവുള്ള അദൃശ്യജിന്നുകളുടെ ലോകത്തെ രാജകുമാരന്‍....!!!
മനസ്സിനേറ്റ മുറിവുകളെ ഒരു പുഞ്ചിരിയിലൊളിപ്പിച്ച് നടന്നകലണം....
ഒരതുലാവര്‍ഷരാവിലലിഞ്ഞില്ലാതായ സ്വപ്നങ്ങളും പേറി അങ്ങ്  ദൂരെയുള്ളൊരാ സ്വപ്നതാഴ്‌വരയിലെ ഒറ്റമരച്ചിലയിലേകനായ് ആ താഴ്‌വരയില്‍ വീണുടഞ്ഞ് പോകുന്ന ഒരുനൂറായിരം സ്വപ്നങ്ങളെ നോക്കിയിരുന്നെന്‍ കണ്ണുനീര്‍ വാര്‍ക്കണം....!!!

മഞ്ഞമന്ദാരത്തെ തേടിയൊരു യാത്ര



കാണുന്ന സ്വപ്നങ്ങളിലെല്ലാം പതിവായ് ചെന്നെത്തുന്ന ഒരു താഴ്‌വരയുണ്ട്..
മഞ്ഞമന്ദാരങ്ങള്‍ മാത്രം വിരിഞ്ഞ് നില്‍ക്കുന്ന ഒരു സ്വപ്ന താഴ്‌വര...
അങ്ങിനെയൊരു താഴ്‌വര ഭൂമിയിലുണ്ടോ..??ഉണ്ടാവുമല്ലേ..??...
അങ്ങിനൊരു താഴ്‌വരയുണ്ടെങ്കില്‍ സ്വപ്നഭാരങ്ങളെല്ലാം പേറി ആ താഴ്‌വരയിലെനിക്കെത്തണം...!!!
പൂത്തുലഞ്ഞു നില്‍ക്കുന്ന മന്ദാരങ്ങള്‍ക്കിടയിലെന്‍ സ്വപ്നഭാരങ്ങളെ ഇറക്കി വെച്ച് എന്‍റെ മാത്രം മഞ്ഞമന്ദാരത്തെ തേടി അലയണം...
ആ താഴ്‌വരയിലാകെയവളെ തേടിയലഞ്ഞ് അവശനായ് നില്‍ക്കുന്ന വേളയില്‍
ദൂരെ ഒരു ഒറ്റമരച്ചുവട്ടിലായ് എനിക്കായ് കാത്തുനില്‍ക്കുമെന്‍ മന്ദാരത്തെ കണ്ടെത്തണം......
ഓടിക്കിതച്ച് അവളുടെ മുന്നില്‍ ചെന്നെത്തണം....
വിറയാര്‍ന്ന വിരല്‍ത്തുമ്പിനാല്‍ അവളുടെ നിറമിഴികളിലൊളിക്കുമാ കണ്ണുനീര്‍ കടലിന്‍ അലകളെ തുടച്ചു നീക്കണം....
ഞാന്‍ കണ്ട സ്വപ്നങ്ങളെയും സ്വപ്നങ്ങളിലെ താഴ്‌വരയെയും സ്വപ്നതാഴ്‌വരയിലെന്നെ കാത്തുനിന്നൊരാ മന്ദാരത്തെയും പറ്റിയവളോട് വാചാലനാവണം....
സ്വപ്നങ്ങള്‍ പൂത്തുതുടങ്ങും വേളയിലൊരു കുഞ്ഞുപൂവിന്നിതളായവളുടെ മടിയില്‍ വീണു മയങ്ങിയെന്‍ സ്വപ്നങ്ങള്‍ തന്‍ തേരിലേറിയാ യാത്ര തുടരണം....!!!!