Saturday, 1 April 2017

യക്ഷിയെ പ്രണയിച്ചവന്‍



അങ്ങ് ദൂരെയുള്ളൊരാ കുന്നിന്‍ ചെരുവിലൊരുനാള്‍ പോകണം...
ആരോരും പോകാത്തൊരാ യക്ഷിക്കാവിലെ പാലമരത്തിന്‍ ചോട്ടില്‍ അവള്‍ക്കായ് കാത്തിരിക്കണം...
രാത്രിയുടെ മൂന്നാംയാമത്തില്‍ പാലപ്പൂ പൂക്കുന്ന സുഗന്ധം അനുഭവിച്ചുറങ്ങുന്നതിനിടയില്‍ അവളുടെ കൊലുസ്സിന്‍റെ കൊഞ്ചല്‍ കേട്ടുറക്കമുണരണം...
പാലമരത്തിലുറങ്ങുന്ന യക്ഷിയെ കാണാന്‍ സഞ്ചരിച്ചൊരാ കഥയവളോട് പറയണം....
ഭൂലോകരുറങ്ങും വേളയില്‍ യക്ഷിയെ കണ്ട് അവളുടെ സൗന്ദര്യത്തില്‍ മതിമറന്നു നിന്നൊരുവന്‍റെ കഥ പറയണം....
കാറ്റിനോടും മഴയോടും കിളികളോടും പുഴകളോടുമൊത്ത് കളിച്ചു രസിച്ചൊരാ ഗസല്‍ മൂളണം അവളുടെ കാതില്‍...
ഏകനായലഞ്ഞ നാളുകളില്‍ പിന്നിട്ടവഴികളിലെവിടെയോ കണ്ടൊരാ മഞ്ഞമന്ദാരത്തിന്നോര്‍മ്മകള്‍ അവളോട് പങ്കുവെക്കണം.....
അങ്ങിനെയങ്ങിനെയങ്ങിനെ ഒത്തിരിയൊത്തിരിയൊത്തിരി കഥകള്‍ പറഞ്ഞ്ഒരുപാടൊരുപാടൊരുപാട് സ്വപ്നങ്ങളവളോട് പങ്ക് വെച്ച് അവളുടെ മടിയില്‍ വീണുമയങ്ങണം.....
മധുരിക്കും സുന്ദരസ്വപ്നങ്ങള്‍ കണ്ട് മയങ്ങവേ അവളുടെ മൂര്‍ച്ഛയേറിയ ദംഷ്ട്രകള്‍ക്കിടയില്‍ പിടഞ്ഞ് പിടഞ്ഞ് മരണത്തിന് കീഴടങ്ങി അവളോടൊപ്പം ആ പാലമരത്തിന്‍ ചില്ലകളിലേക്ക് ചേക്കേറണം....

No comments:

Post a Comment